തിര

ആനി ഇരുകൈകളിലും കോർത്തു തൂങ്ങുന്ന കുഞ്ഞ് ചിത്രശലഭങ്ങളെ മുറുക്കെപ്പിടിച്ചു... ഒരു നിമിഷം അവൾക്ക് തലകറങ്ങുന്നതുപോലെ താേന്നി. കാലിന്നടിയിൽ നിന്നും മണ്ണ് ഒലിച്ചുപാേകുന്നുവോ... ഉറക്കെ കരയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. കൈകളിലെ പിടി അയയുന്നുവോ.... ഒരുനിമിഷം കരയിൽ പിടിച്ചിട്ട മീനിനെപ്പാേലെ ആനി ശ്വാസംകിട്ടാതെ പതറി. 


ആനി. 
ആനിയുടെ രണ്ട് കുഞ്ഞുങ്ങൾ. 
ആനിയുടെ ചാച്ചൻ. 
വന്നത് മീൻവാങ്ങാനാണെങ്കിലും കുഞ്ഞുങ്ങൾ പിടിച്ചുവലിച്ച് കടലിലേയ്ക്കുനടന്നു. 
അല്ലെങ്കിലും ഹാർബറിൽ വൃത്തിയില്ല. എങ്ങനെ നടക്കാനാണ് കുഞ്ഞുങ്ങളേയും കൊണ്ട്. ആകെ ബഹളം. മീൻ വാങ്ങാൻ വന്നവർ, കച്ചവടക്കാർ, ലേലക്കാർ, ബോട്ടിൽ നിന്നും ലോഡിറക്കുന്നവർ, കടലിൽ പോയി മടങ്ങിയെത്തിയ ബോട്ടുകാർ, വെറുതേ കറങ്ങിനടക്കുന്നവർ, കാക്കകൾ, നായകൾ, വല നന്നാക്കുന്നവർ തിക്കും തിരക്കും. 

"കടല്, കടല്..."  രണ്ട് കൈയ്യിലും തൂങ്ങിയ മാലാഖക്കുട്ടികൾ ഹാർബറിൽ നിർത്താതെ പിടിച്ചുവലിച്ചു. 

"ചാച്ചാ...." ആനി വിളിച്ചു.

"നീയ് ബീച്ചിലേയ്ക്ക് നിന്നാേ... മീനെല്ലാം കണ്ടിട്ട് വിലനോക്കി വാങ്ങി ഞാൻ വന്നാേളാം..." ചാച്ചൻ മാർക്കറ്റ് വിട്ടുവരുന്ന ലക്ഷണമില്ല.

ആനി കുഞ്ഞുങ്ങൾക്കൊപ്പം കടൽതീരത്തേയ്ക്ക് പാേയി. വലിയ തിരയില്ല. തീരം നിറയെ ആൾക്കാരാണ്. കടലിൽ കുളിക്കുന്നവർ, തീരത്തു തന്നെ നിൽക്കുന്നവർ, വഞ്ചികളുടെ തണലിലിരുന്ന് വർത്തമാനം പറയുന്നവർ... 

"കാല് നനയ്ക്കാം... വാ... വാ..." മക്കൾ ആനിയെ വലിച്ച് കടലിലേയ്ക്ക് നടന്നു...
"മെല്ലെ... വീഴരുത്..." രണ്ടു കൈകളിലും കോർത്തുപിടിച്ച ചിത്രശലഭങ്ങൾ പറക്കുന്നതിനാെപ്പം ആനിയും ഒഴുകി നീങ്ങി... അധികം തിരയില്ല... തുള്ളിച്ചാടുന്ന കുഞ്ഞുതിരകളിൽ ആനിയും പാെട്ടിച്ചിരിച്ചു. 
"ഇനീം... അമ്മേ... ദേ അവിടെ വരെ..." 
ഒരു തിര ആനിയുടെ കാലുകളെ ശരിക്കും നന്നച്ചു. 

"മതി... മതി... ദിയാ... കരയല്ലേ... ചാച്ചൻ വന്നാൽ തല്ലു കിട്ടുമേ..."
ദിയമോൾ പിന്നെയും മുന്നോട്ട് പോകാൻ കൈപിടിച്ച് വലിക്കുകയാണ്... വലിയാെരു തിര വരുന്നു... ഈ പിള്ളേർ അടങ്ങി നിൽക്കുന്നില്ലല്ലാേ... 

തിര ആനിയെ പകുതിയും നനച്ച് തീരത്തേയ്ക്കു പാേയി... ദിയമോൾ പൊട്ടിച്ചിരിച്ച് കൈയിലെ പിടിവിടുവിക്കാൻ നോക്കി. ദയ പേടിച്ച് ഉറക്കെ കരഞ്ഞു. 

ആനി ദിയയേയും ദയയേയും ഇറുകെ പിടിച്ചു. തിര കടലിലേയ്ക്ക് തിരികെ ഒഴുകുന്നു. ആനിക്ക് തല കറങ്ങുന്നതു പോലെ തോന്നി. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നാേ... മണ്ണിലേയ്ക്ക് കാല് താഴ്ന്നു പോകുന്നതുപോലെ... അടുത്ത തിര പിന്നാലെ വരുന്നുണ്ടാേ... ആനി കണ്ണുകളടച്ചു...
അവളുടെ കാൽപ്പാതം മാത്രം നനച്ച് അടുത്ത തിര കടന്നുപോയി. ദിയ കുനിഞ്ഞ് ഒരു ചെറിയ ശംഖിനെ കൈയിലാക്കാനുള്ള ശ്രമത്തിലാണ്. 
ആനി പിന്നിലേയ്ക്കു നടന്നു...
അടുത്ത വലിയ തിര തീരത്തടുക്കുമ്പാേഴേയ്ക്കും ആനി തീരത്ത് തിരയെത്താത്തിടത്ത് കുഞ്ഞുങ്ങൾക്കൊപ്പം ഇരിപ്പുറപ്പിച്ചിരുന്നു...
"ചാച്ചാ...." ദൂരെ നിന്നും ചാച്ചൻ നടന്നുവരുന്നത് കണ്ട് ദിയമോൾ മണൽക്കൊട്ടാരം ഉണ്ടാക്കുന്നത് നിർത്തി ചാച്ചനു നേരേ ഓടി.
"ഒരു തിരവന്നപ്പാേഴേക്കും ഈ അമ്മയും ദയയും പേടിച്ചു വിറച്ചു കരക്കുകയറി..." അവൾ ആനിയെ നോക്കി കളിയാക്കുന്നവിധം കൈ ചലിപ്പിച്ച് ചാച്ചന്റെ വിരലിൽ തൂങ്ങി...



##############################################################

*: കുറച്ച് ദിവസങ്ങൾക്കുമുൻപ് ഓഫീസിൽ വച്ച് സഹപ്രവർത്തകയായ ഷിമി ചേച്ചി പറഞ്ഞ ചെറിയാെരു അനുഭവത്തെ ചെറിയ ചെറിയ താെങ്ങലുകളും ചേർത്ത് എഴുതിയത്...


ഹരികൃഷ്ണൻ ജി.ജി.
02/01/2023

Comments

Popular posts from this blog

പുതുവർഷം പുതിയ പ്രതീക്ഷകൾ

അറയ്ക്കൽ കാവ്