പുതുവർഷം പുതിയ പ്രതീക്ഷകൾ

 2022 വിടവാങ്ങി. 23ന്റെ ആദ്യ ദിനം കോഴിക്കോട് നഗരത്തിൽ അലഞ്ഞുനടന്നു തീർത്തു. ട്രെെനിറങ്ങിയപ്പാേൾ ബീച്ചിലേയ്ക്ക് നടന്നുപാേകാനാണ് താേന്നിയത്. നടന്ന് ബീച്ചിൽ എത്തിയപ്പാേൾ അതിഭയങ്കരമായ വെയിൽ. കൂടുതൽനേരം അവിടെ നിൽക്കാൻ തോന്നിയില്ല. ഗൂഗിൾ മാപ്പ് നാേക്കി നടന്നു സരാേവരം പാർക്കിലേയ്ക്ക്. ഉള്ളതിലും ഇരട്ടിദൂരം നടന്നിരിക്കണം, വഴിതെറ്റി.  പ്രണയിതാക്കളുടെ പ്രിയതാവളമായ സരാേവരം പാർക്കിൽ ഒറ്റയ്ക്കിരുന്ന് കാക്കനാടന്റെ കഥകൾ വായിച്ചുകൊണ്ട് 2023ലെ വായനയ്ക്ക് തുടക്കം കുറിച്ചു. കാലപ്പഴക്കം എന്ന കഥ പൂർണ്ണമായും വായിച്ചു. കാെച്ചാലുംമൂട്ടിലെ കാേവാലപിള്ള സാറിന്റെ അവസാന ദിനം വായിച്ചുകൊണ്ട് 2023 ആരഭിച്ചു. കച്ചവടം എന്ന കഥ വായിച്ചു പൂർത്തിയാക്കാൻ അനുവദിക്കാതെ വിശപ്പ് എഴുന്നേറ്റുപോ എഴുന്നേറ്റുപോ എന്ന സന്ദേശം അയച്ചുകൊണ്ടേയിരുന്നു. ഞായറാഴ്ചയുടെ അവധി അലസതയിലേയ്ക്ക് പിറന്നുവീണ  പുതുവർഷം കുട്ടികളേയും കൊണ്ട് ഒരു നഗരപ്രദക്ഷിണത്തിനുള്ള അവസരമാക്കിയ കുടുംബസ്ഥരേയും തൊട്ടടുത്ത് നടക്കുന്ന മതസമ്മേളനത്തിന്റെ ഭാഗമായി വന്ന് കൂട്ടത്തിൽ ചുറ്റുമുള്ള പാർക്കും ബീച്ചും കണ്ട് കറങ്ങിനടക്കുന്നവരേയും, പാർക്കിന്റെ ഒളിയിടങ്ങളിൽ സ്വസ്ഥമായിരുന്ന് മദ്യപിക്കാമെന്ന പ്രതീക്ഷയിലെത്തി പാർക്ക് സംരക്ഷിക്കുന്നവരുടെ വിരട്ടലുകൾക്ക് "പെണ്ണുങ്ങളുമായി വരാത്തവർക്ക് ഇവിടെ ഇരിക്കാൻ പറ്റില്ലേ?" എന്ന് തിരികെ വിരട്ടുന്ന ചെറുപ്പക്കാരെയും ഇതിനെല്ലാം ഇടയിൽ തങ്ങളുടെ സ്വകാര്യത നഷ്ടമായ ഇച്ഛാഭംഗത്താേടെ പാർക്കിൽ മുഖംനോക്കിയിരിക്കുന്ന കമിതാക്കളേയും പിന്നിലാക്കി പിന്നെയും നഗരത്തിലേയ്ക്ക് നടന്നു. രണ്ട് മുപ്പതിന് അവതാർ2 ബുക്കുചെയ്തിരുന്നു. മുൻകൂട്ടി റിസർവ് ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്ന് തിയേറ്ററിൽ എത്തിയപ്പാേൾ താേന്നി. വരിനിന്ന് ടിക്കറ്റ് എടുക്കാവുന്ന തിരക്കേ ഉണ്ടായിരുന്നുള്ളൂ. 

          മലയാളത്തിലെ അതുല്യനായ ഒരു എഴുത്തുകാരന്റെ കഥ, ലാേകസിനിമയിലെ അസാധാരണ മികവുള്ള ഒരു സംവിധായകന്റെ സിനിമ. കുറേ അലഞ്ഞ് തളർന്നെങ്കിലും 2023 ആരംഭിച്ചത് സുന്ദരമായി തന്നെയാണ്. ഗ്രീൻ ബുക്സ് പുറത്തിറക്കിയ മലയാളത്തിന്റെ സുവർണ്ണ കഥകൾ എന്ന പരമ്പരയിലെ കാക്കനാടന്റെ കഥകൾ ഉൾപ്പെട്ട പുസ്തകം ആയിരുന്നു കയ്യിൽ. തുഞ്ചൻ ഉത്സവ സമയത്ത് തിരൂർ തുഞ്ചൻ പറമ്പിൽ നിന്നും വാങ്ങിയതാണ് ഈ പുസ്തകം. 


          2023 ൽ എഴുതുന്നതും വായിക്കുന്നതും എല്ലാം ഈ ബ്ലാേഗ് വഴി ആയിരിക്കും. ഒരു സമയം ഒരു പുസ്തകം മാത്രം വായിക്കുക എന്നതാണ് ഈവർഷം ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന വായനാ രീതി. ഇടയ്ക്ക് വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം അല്ലാതെ മറ്റെന്തെങ്കിലും വായിക്കാൻ താേന്നിയാൽ വായിച്ചു കഴിഞ്ഞ പുസ്തകങ്ങളുടെ പുനർവായനയ്ക്ക് ആ സമയം ഉപയാേഗിക്കണം.

Comments

Popular posts from this blog

അറയ്ക്കൽ കാവ്

തിര